"ഒരു മാറ്റത്തിന് ...ഒരു ശുദ്ധീകരണത്തിന് ..നമുക്ക് ഒരുമിക്കാം

Friday, October 21, 2011

കടല്‍ത്തിരകള്‍








ലൈഫ് ഗാര്‍ഡുമാരുടെ വിസിലിന്‍റെ ശബ്ദമോ , കച്ചവടക്കാരുടെ ഉറക്കെ ഉള്ള വിളികളോ കേള്‍ക്കാത്ത ബീച്ചിന്‍റെ ഒരു കോണില്‍ നിത്യ ഇരുന്നു . ഒന്നിനു പിറകെ ഒന്നായി വരുന്ന തിരകള്‍ അവളുടെ നീട്ടി വെച്ചിരിക്കുന്ന കാലില്‍ തൊടാതെ മടങ്ങി . മണലില്‍ ചിത്രങ്ങള്‍ വരച്ചും മായ്ച്ചും

അവള്‍ സമയം കളഞ്ഞു . രാത്രി എട്ടു മണി വരെ മാത്രമേ ഉള്ളു ഈ വിശ്രമം .പിന്നെ രാവിലെ വരെ ജോലിത്തിരക്കാണ്.

"അത് ഒരു ജോലിയാണോ ?"

അതെ ഇപ്പൊ ഇത് ജോലി മാത്രമാണ് . ശമ്പളം നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത ജോലി .


ലക്‌ഷ്യം തെറ്റിയ യാത്രയാണ് അവളുടേതെന്ന് അവള്‍ക്കറിയാം . ഉന്നത ബിരുദത്തിന്റെ മാറാപ്പുമായ് ജോലിക്കെത്തിയ ഹൈ ടെക് നഗരത്തില്‍ അവളെ കാത്തിരുന്ന പുതുമകള്‍ . മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ജോലി , അഞ്ചക്ക ശമ്പളം ,ചങ്ങാത്തത്തിന്റെ തിളപ്പ് അങ്ങനെ എല്ലാം എല്ലാം പുതുമകള്‍ . ഒന്നിനോടും കമ്മിറ്റ്മെന്‍റ് ഇല്ലാത്ത ജീവിതം , വരുന്നതിലും വേഗത്തില്‍ പോകുന്ന പണം , ഓഫീസിലും ഹോസ്റ്റലിലും സെല്‍ ഫോണില്‍ മുഴുവന്‍ സമയ സല്ലാപം നടത്തുന്ന കൂട്ടുകാരികള്‍ , എല്ലാം അവളിലേക്ക്‌ പുതിയ നിത്യയെ സന്നിവേശിപ്പിച്ചു


ബന്ധങ്ങള്‍ക്ക് വിലയില്ലാത്ത ലോകത്ത് അവളെ മാത്രം ഇഷ്ടപെടാനുമുണ്ടായി ഒരു കൊളീഗ് .അവളും അവനെ ഇഷ്ടപ്പെട്ടു .അവളുടെ ആഗ്രഹങ്ങള്‍ക്കൊന്നും അവന്‍ തടസ്സം നിന്നില്ല . അവള്‍ ആ ദിവസങ്ങള്‍ ആഘോഷങ്ങള്‍ ആക്കി .അവന്റെ പണം അവളുടെ മനസും ശരീരവും ഒരുപോലെ കീഴ്പെടുത്തി .അതൊരു തെറ്റായി അവള്‍ക്കു തോന്നിയില്ല .വര്‍ധിച്ചു വന്ന അവളുടെ മോഹങ്ങള്‍ അവന്‍റെ പണത്തിനു മീതെ ആയി .അതോടെ അവനെ അവള്‍ വെറുക്കാന്‍ തുടങ്ങി , ആ ബന്ധം അവസാനിച്ചു .കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ ലാഭം അവള്‍ക്കു തന്നെ .


കൊളീഗ്സില്‍ പലര്‍ക്കും പ്രമോഷന്‍ ആയപ്പോള്‍ അവള്‍ പുകഞ്ഞു . H R നെ കണ്ടു . മറ്റാരുമില്ലാത്ത ക്യാബിനില്‍ വെച്ച് അയാള്‍ അവളെ ഉപദേശിച്ചു .ആ ഉപദേശം അവളുടെ മനസും ശരീരവും സ്വീകരിച്ചു .ഒരാഴ്ചയ്ക്കുള്ളില്‍ പ്രമോഷന്‍ ഓര്‍ഡര്‍ ഒക്കെ ആയി. അവിടെയും അവള്‍ക്കു തെറ്റ് പറ്റിയതായി തോന്നിയില്ല .നേട്ടമുണ്ടല്ലോ!!


ആത്മാര്‍ത്ഥ പ്രണയവുമായി പിന്നെയും കൊളീഗ്സ് എത്തി .അവരെല്ലാം അവള്‍ക്കു ഉടയാട പോലെ ആയിരുന്നു . മുഷിഞ്ഞത് ഊരിമാറ്റിയും ,ധരിച്ചത് തന്നെ ധരിച്ചും കുറെ നാളുകള്‍ . അവളുടെ കണ്ണില്‍ എല്ലാം ശരികള്‍ ആയിരുന്നു


കുറച്ചു നാളുകള്‍ക്കു മുന്‍പ് അവളുടെ കമുകന്മാരിരില്‍ ഒരാള്‍ അവളോട്‌ പറഞ്ഞു അവളെ വെറുക്കുന്നുവെന്ന്.ആദ്യമായ് ഒരാള്‍ അവളെ ഉപേക്ഷിച്ചു .അവളുടെ മനസ് പിടഞ്ഞു .ശരികള്‍ തെറ്റുകളായി തോന്നി തുടങ്ങി , തിരുത്താന്‍ കഴിയാത്ത തെറ്റുകള്‍ . ശരീരവും മനസും മരമായി മാറി ,അവിടെ ഒരു പക്ഷിയും കൂട് കൂട്ടാന്‍ എത്തിയില്ല ..വസന്തത്തില്‍ തന്നെ ഇല പൊഴിഞ്ഞ പടു മരം .


അടിമപ്പെട്ട ലഹരികള്‍ക്ക് പണം കണ്ടെത്തിയെ പറ്റു എന്ന അവസ്ഥ അവളുടെ ജോലി നഗരത്തിലെ പ്രധാന ഹോട്ടലുകളിലെ വിഐപി റൂമുകളില്‍ എത്തിച്ചു .രാത്രികളില്‍ അവള്‍ കൂടുതല്‍ ഇരുട്ടിലേക്ക് വീണു .പകലില്‍ ആ ഇരുട്ടിന്റെ നിഴലില്‍ ജീവിച്ചു. എന്നും ഓരോ ക്ലൈന്റ്സ് ആരുടേയും മുഖം അവള്‍ നോക്കാറില്ല , ചിലപ്പോള്‍ ഒരാള്‍ തന്നെ കുറെ ദിവസം ,,മറ്റു ചിലപ്പോള്‍ ഏതാനും മണിക്കൂര്‍ മാത്രം .രണ്ടായാലും പണം കിട്ടും . അതിനിടയിലെ ആശ്വാസമാണ് ഈ കടല്‍തീരവും തിരകളും

കടല്‍ത്തിരകള്‍ ഇത്തവണ അവളുടെ കാലില്‍ തൊട്ടു , അവള്‍ക്കു വല്ലാത്ത ഒരു കുളിര്‍മ്മയും ആശ്വാസവും തോന്നി .അവള്‍ എഴുന്നേറ്റു കുറച്ചു കൂടി കടലിലേക്ക് ഇറങ്ങി നിന്നു.അരയോളം വെള്ളത്തില്‍ നില്‍ക്കുമ്പോള്‍ അവളുടെ മനസൂ കൂടുതല്‍ ശാന്തമാകാന്‍ തുടങ്ങി .അവള്‍ ദൂരെക്കു നോക്കി .ഒരു കുട്ടി നൂലില്‍ കെട്ടിയ പട്ടവുമായ് അവളുടെ അടുത്തേക്ക് ഓടി അടുക്കുന്നു .അവന്റെ ശബ്ദം അവള്‍ക്കു കേള്‍ക്കാം .നിഷ്കളങ്കമായ ശബ്ദം . അവള്‍ ഒന്ന് കൂടി മുന്നോട്ടു നീങ്ങി ഒരിക്കലും ഈ ശാന്തത നഷ്ടമാകാതിരിക്കാന്‍ ..നൂലില്‍ നിന്നും വേര്‍പെട്ട ആ പട്ടം അവള്‍ക്കു വഴി കാണിച്ചു കൊടുത്തു ...






അനീഷ്‌ പുതുവലില്‍




                                                          ചിത്രത്തിനു കടപ്പാട് : Google

6 comments:

  1. വിനാശത്തിലേയ്ക്കുള്ള പാത ഹൈവേ പോലെയത്രേ

    ReplyDelete
  2. ഒരു കാറ്റുവന്നു തലോടുന്ന പോലെ ഒഴുക്കന്‍ രചന ആശംസകള്‍

    ReplyDelete
  3. ശക്തമായ ഒരാശയത്തിന്റെ മനോഹരമായ ആവിഷ്കാരം.ഒരു കവിത പോലെ വായിച്ചു തീര്‍ക്കാവുന്ന ഹൃദ്യമായ ആഖ്യാനം.ഇന്നിന്റെ 'കമ്പോള സംസ്കൃതി'യില്‍ സ്വയം 'വില്ക്കപ്പെടുന്ന'ദുരകളുടെ 'ദുരവസ്ഥ'കള്‍ ....
    പ്രിയ സുഹൃത്തേ,അഭിനന്ദനങ്ങള്‍ !

    ReplyDelete
  4. കഥയിലെ കാമ്പില്‍ പുതുമ എനിക്ക് തോന്നിയില്ലെങ്കിലും
    അതിനെ എല്ലാം മറികടക്കുന്നതാണ് എയുത്തിന്റെ ശൈലി
    മനോഹരമായി ഒയുകി ശന്താമ യ ഒരു അരുവി പോലെ

    ReplyDelete
  5. ഒന്നിനോടും കമ്മിറ്റ്മെന്‍റ് ഇല്ലാത്ത ജീവിതം സത്യമാണത് ...വിനാശകാലേ വിപരീത ബുദ്ധി

    ReplyDelete
  6. അനീഷിന്റെ പുതിയ പോസ്റ്റുകളെ കുറിച്ച് ഒരു വിവരവും കിട്ടാറില്ല . അനീഷ്‌ എന്റെ ബ്ലോഗ്ഗില്‍ വരുമ്പോള്‍ മാത്രമാണ് ഞാ ഇവിടെയെത്തുന്നത് . രചനകള്‍ എല്ലാം നല്ലത് . പക്ഷെ കവിതകള്‍ ഒരു (മുത്തച്ഛന്‍ , പുഴ പോലുള്ളവ ) പടി മുന്നില്‍ നില്‍ക്കുന്നു . കഥകള്‍ പറയുന്ന രീതി ഏറെ ഇഷ്ട്ടപെട്ടു . അടുത്ത പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ ഇടൂ ...ആശംസകള്‍
    ( രചനകള്‍ അഗ്രഗട്ടരിലോ മലയാളം ഗ്രൂപുകളിലോ ഷെയര്‍ ചെയ്തു വായനക്കരിലെത്തിക്കൂ )

    ReplyDelete